അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ സ്വർഗാരോപിത മാതാവിന്റെ ദർശന തിരുനാൾ പ്രധാന ദിനങ്ങളിലേക്ക്. തിരുനാളിന്റെ പ്രധാന ആഘോഷങ്ങൾ ഇന്നും നാളെയും നടക്കും. തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് വൈകുന്നേരം അഞ്ചിന് മേജർ ആർച്ച് ബിഷപ് എമരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് വലിയപള്ളിയും മൈതാനം ജംഗ്ഷനിലെ കുരിശടിയും ചുറ്റി പ്രദക്ഷിണം നടക്കും. നാളെ രാവിലെ 5.15ന് ചെറിയപള്ളിയിൽ വിശുദ്ധ കുർബാന. 5.40ന് വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് വലിയപള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങൾ മോണ്ടളത്തിൽ പ്രതിഷ്ഠിക്കും. ജനുവരിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചല്ലാതെ വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കുന്ന ഏക ദിവസമാണ് നാളെ.
7.45ന് ഫാ.ഡോ. മാണി പുതിയിടം വിശുദ്ധ കുർബാന അർപ്പിച്ചു വചനസന്ദേശം നൽകും. 10ന് റാസ കുർബാന - ഫാ. ജോസഫ് കുറശേരി. വചനസന്ദേശം - ഫാ. ജേക്കബ് വട്ടയ്ക്കാട്ട്. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, വചനസന്ദേശം - ഫാ.ഡോ. ജോസ് കൊച്ചുപറമ്പിൽ.
വിശുദ്ധ കുർബാനയെ തുടർന്ന് തിരുനാൾ പ്രദക്ഷിണം നടക്കും. വലിയപള്ളിയും ചെറിയപള്ളിയും ചുറ്റി സമാപിക്കുന്ന പ്രദക്ഷിണത്തിനു ശേഷം കൊടിയിറക്കും. തുടർന്ന് പരിശുദ്ധ കന്യക മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങൾ മദ്ബഹയിൽ പുനഃപ്രതിഷ്ഠിക്കും.
ചടങ്ങുകൾക്ക് വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, ആധ്യാത്മിക പിതാവ് ഫാ. എബ്രാഹം കാടാത്തുകളം, അസി. വികാരിമാരായ ഫാ. വിപിൻ കട്ടത്തറ, ഫാ. ടോണി മണക്കുന്നേൽ, ഫാ. മാർട്ടിൻ നീളപ്പറമ്പിൽ എന്നിവർ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കും.
കൈക്കാരന്മാരായ സെബാസ്റ്റ്യൻ മർക്കോസ് കുഴിഞ്ഞൊട്ടിയിൽ, ജോൺസൺ ജോസഫ് തോട്ടത്തിൽ, സാബു ജോസഫ് നിരവത്ത്, ഷാജി തോമസ് പുലുകാലാ, പാരിഷ് കൗൺസിൽ സെക്രട്ടറി സോജൻ കണ്ണാശേരി, പ്രസുദേന്തി ടി.ജെ. വർക്കി തടത്തിൽ എന്നിവർ നേതൃത്വം നൽകും.